2009 ജനുവരി 22, വ്യാഴാഴ്‌ച

“മര്‍മ്മം“ - പുതിയ കഥ തുഷാരം വെബ് മാഗസിനില്‍

സത്യത്തില്‍ എന്താണുണ്ടായതെന്ന് ശരിക്കൊന്നു കാണാന്‍ പോലും കഴിഞ്ഞില്ല. എന്തൊക്കെയോ അപശബ്ദങ്ങളും, ആക്രോശങ്ങളും നിറഞ്ഞൊരു പൊടിപടലത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുകയായിരുന്നു മനസ്സ്. അല്ലെങ്കില്‍ത്തന്നെ കുറച്ചു നാളായി ഒരു സംഘര്‍ഷത്തിലൂടെയാണ് യാത്ര. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കണ്ണുകള്‍ക്കു മുന്നില്‍ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞു വന്നപ്പോഴേക്കും, നിരത്തു വക്കില്‍ അവന്റെ ജഡം കണ്ടു, ചോരയില്‍ കുളിച്ച് .......

പുതിയ കഥ തുഷാരം പുതിയ ലക്കത്തില്‍. വായിക്കുവാന്‍ തലക്കെട്ടില്‍ ക്ലിക്കു ചെയ്യുക



സസ്നേഹം
മോഹന്‍

2008 ഡിസംബർ 26, വെള്ളിയാഴ്‌ച

നമ്മള്‍ മറന്നുവോ കടലമ്മ കവര്‍ന്നെടുത്തവരെ

2004 ഡിസംബര്‍ 26
പ്രകൃതി ദുരന്തങ്ങള്‍ക്കു നേരെ എത്ര നിസ്സഹായനാണ് മനുഷ്യന്‍ എന്ന് നമ്മളെ നടുക്കിയ സുനാമി കഴിഞ്ഞിട്ട് നാലു വര്‍ഷം തികഞ്ഞു. എന്നിട്ടും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നുമെത്താതെ ഇഴയുകയാണ്. ഫണ്ടുകള്‍ അടിച്ചുമാറ്റിയവര്‍ കൊഴുത്തു. ദുരിതങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് കടലോളം കണ്ണീര്‍ ബാക്കി.

ബ്ലോഗു തുടങ്ങിയപ്പോള്‍ പോസ്റ്റിയ സുനാമിയെപ്പറ്റിയുള്ള ഒരു കവിത ഒരു ഓര്‍മ്മക്കുറിപ്പായി വീണ്ടും പോസ്റ്റുന്നു. വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുമല്ലോ.
സസ്നേഹം
മോഹന്‍


സുനാമി

നിന്റെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്റെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്റെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു


ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്റെ ചാകര


വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്റെ കൊട്ടാരങ്ങളും
നിന്റെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...


എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്റെ താണ്ഡവത്തിന്റെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”



(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )

2008 നവംബർ 24, തിങ്കളാഴ്‌ച

2008 നവംബർ 10, തിങ്കളാഴ്‌ച

ജലപാതം


മധുവിധു നാളുകളിലൊരു ദിവസമായിരുന്നു അയാള്‍ അവളുമൊന്നിച്ച് വെള്ളച്ചാട്ടം കാണാന്‍ പോയത്. മുകളിലെ മിനുസമാര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ മുഴക്കത്തോടെ കീഴോട്ടു പതിക്കുന്ന ജലപാതത്തെ അയാള്‍ ആദരവോടെ നോക്കി നിന്നു. പാറക്കെട്ടുകളിലൂടെ നടന്ന് ജലപാതത്തിനടുത്തേക്കു ഒരു കൂസലുമില്ലാതെ നീങ്ങുന്ന അവളെ നോക്കി അയാള്‍ പറഞ്ഞു -

“അധികം പോകേണ്ട. ഒന്നു കാല്‍ തെറ്റിയാല്‍ മതി ...”

അവള്‍ അതിനു മറുപടിയെന്നോണം ഉറക്കെ ചിരിച്ചു. “കാല്‍ തെറ്റിയാല്‍ എന്തു സുഖമായിരിക്കുമെന്നൊ. ഇങ്ങോട്ടു വാ, ദാ ഇവിടെ നിന്നാല്‍ കാണാന്‍ നല്ല രസമുണ്ട്” അവള്‍ ക്ഷണിച്ചു.

മടിച്ചു മടിച്ചാണെങ്കിലും അയാള്‍ അവളുടെ അരികിലെത്തി. ജലപാതത്തിന്റെ ആഴം ഇപ്പോള്‍ കുറേക്കൂടി വ്യക്തമായിക്കാണാം. വെള്ളത്തിന്റെ മുഴക്കത്തിന് ശക്തി കൂടിയിട്ടുണ്ട്. അദൃശ്യമായ എന്തോ ഒന്ന് തന്നെ പിടിച്ച് മുന്നോട്ടു വലിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. താഴോട്ടു നിപതിക്കുന്ന ജലമാണോ, പാറക്കെട്ടുകളാണോ അതോ പുഴയുടെ മാസ്മരിക സൌന്ദര്യമാണോ അതെന്ന് അയാള്‍ക്കു മനസ്സിലായില്ല. അതോടൊപ്പം അത്മാവു വരെ തുളഞ്ഞു കയറുന്നൊരു കുളിരും. ശരീരമാകെ വിറച്ചു. അയാള്‍ അവളേയും പിടിച്ച് വേഗം അവിടെ നിന്നും തിരിച്ചു നടന്നു.

അവര്‍ പോയത് വെള്ളച്ചാട്ടമുള്ള മലയുടെ താഴേക്കാണ്. ആകാശത്തിന്റെ ഭിത്തികള്‍ പിളര്‍ന്ന് കുതിച്ചു ചാടുന്ന വെള്ളത്തിന്റെ ധാരാളിത്തത്തില്‍ അയാള്‍ സ്വയം മറന്നു. ഈര്‍പ്പവും സന്ധ്യയും കൂടി സൃഷ്ടിച്ച മൂടലില്‍, ജലപാതത്തിന്നടുത്തേക്ക് യാതൊരു ഭയാശങ്കകളുമില്ലാതെ നടന്നു കയറുന്ന അവള്‍ അയാളില്‍ വീണ്ടും അങ്കലാപ്പുണ്ടാക്കി. വെള്ളച്ചാട്ടത്തിന്നരികിലൊരു പാറക്കെട്ടില്‍, സൂര്യനഭിമുഖമായി അവള്‍ നിന്നു ജ്വലിച്ചു. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ കാറ്റില്‍ വന്യ നൃത്തമാടി. നഗ്നമായ കണങ്കാലില്‍ പാദസരം നനഞ്ഞു കിടന്നു. അകലെ മലഞ്ചെരുവില്‍ അപമൃത്യുവാര്‍ന്നവരുടെ പ്രേതങ്ങള്‍ പോലെ തല മുറിഞ്ഞ മരങ്ങള്‍. അനാഥരായ അത്മാക്കളെപ്പോലെ അലഞ്ഞു നീങ്ങുന്ന മേഘങ്ങള്‍. അയാള്‍ പ്രയാസപ്പെട്ട് അവള്‍ക്കൊപ്പം പാറമേല്‍ കയറിപ്പറ്റി. അവളുടെ ചുമലില്‍ പതുക്കെ കൈ വച്ചു. കൈകളിലേക്ക് പാറകളുടെ തണുപ്പ് കയറി വന്നു. അയാള്‍ താഴെയിറങ്ങി തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് അവള്‍ കൂടെ വന്നത്. അവര്‍ ഒന്നുമുരിയാടാതെ നടന്നു.

പെട്ടെന്നാണ് മധുവിധു തീര്‍ന്നതും അയാള്‍ക്ക് വിദേശത്തുള്ള ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നതും. അവളുടെ വിതുമ്പുന്ന മിഴികളിലൂടെ പറന്നകന്ന വിമാനത്തിലയാള്‍ അക്കരെയെത്തി. ഈന്തപ്പനകള്‍ കണ്ണിമയ്ക്കാതെ കാവല്‍ നില്‍ക്കുന്ന ഉഷ്ണപഥങ്ങളിലൂടെ അലയുമ്പോള്‍ അയാള്‍ അവളെക്കുറിച്ചും വെള്ളച്ചാട്ടാത്തെക്കുറിച്ചും ഓര്‍ത്തു. അയാളുടെ മനസ്സിലൊരു വിഷാദം ഉരുണ്ടു കൂടി പഴുത്തു. ചൂടുള്ള കാറ്റ് അവയെ തഴുകി മുഴുപ്പിച്ചു.

ദിവസങ്ങളും, മാസങ്ങളും കടന്നു പോകവേ, ജോലി കഴിഞ്ഞു തളര്‍ന്നെത്തിയ ഒരു രാത്രിയില്‍, ഷവറിന്റെ കീഴെ കുളിക്കാന്‍ നില്‍ക്കുമ്പോള്‍, അയാള്‍ വീണ്ടും വെള്ളച്ചാ‍ട്ടത്തിന്റെ മുഴക്കം കേട്ടു. ഷവറില്‍ നിന്നും ഇരു ചെവികളേയും മൂടി ഒഴുകിയിറങ്ങിയ വെള്ളച്ചാട്ടത്തില്‍ മുഴുകി അയാള്‍ വളരെ നേരം നിന്നു. പിറ്റേന്ന്, പതിവിലും കവിഞ്ഞ പ്രസരിപ്പോടെ നേരത്തേ ഉണര്‍ന്ന അയാള്‍, ഷവറിന്‍ കീഴിലെ വെള്ളച്ചാട്ടത്തിന്റെ സുഖസ്പര്‍ശനത്തില്‍ മുഴുകി നഗ്നനായി എത്ര നേരം നിന്നുവെന്ന് അറിഞ്ഞില്ല.

ആദ്യമായി അയാള്‍ ഓഫീസില്‍ വൈകിയെത്തി. ഒരു പണിയും ചെയ്യാതെ വൈകുന്നേരമാകാന്‍ വേണ്ടി അക്ഷമയോടെ കാത്തിരുന്നു. സമയം കഴിഞ്ഞാലും വളരെ നേരം ഓഫീസില്‍ത്തന്നെ ചിലവഴിക്കാറുള്ള അയാളുടെ ഈ മാറ്റം എല്ലാവര്‍ക്കും അപ്രതീക്ഷിതവും, മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായിരുന്നു. അയാളാകട്ടെ, യാതൊന്നിനെക്കുറിച്ചും വേവലാതിപ്പെടാന്‍ പോയില്ല. അയാളുടെ കുളിമുറിയും, ഷവറിലെ ജലപാതവും അയാള്‍ക്കേറ്റവും പ്രിയപ്പെട്ടതായിത്തീര്‍ന്നിരുന്നു. അതിനാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടിസ് കിട്ടുമ്പോള്‍ പ്രത്യേകമായി അയാള്‍ക്കൊന്നും തോന്നിയില്ല.

ഒരു നീണ്ട കുളിക്കു ശേഷം ഷവറിനോടു വിട ചൊല്ലി, നാട്ടില്‍ അവളുടെ മിഴികളിലെ വിസ്മയത്തിലേക്ക് വിമാനമിറങ്ങി. കൊണ്ടു പോയ സൂട്ട്കേസല്ലാതെ അയാളുടെ പക്കല്‍ മറ്റു ലഗേജൊന്നുമില്ലാതിരുന്നതിനാല്‍ അവള്‍ക്കെന്തോ പന്തികേടു തോന്നിയിരുന്നു. ടാക്സിയില്‍ കയറവേ, ഡ്രൈവറോട് വെള്ളച്ചാട്ടമുള്ള സ്ഥലത്തിന്റെ പേരു പറഞ്ഞപ്പോള്‍ അവള്‍ കയര്‍ത്തു. ആദ്യം വീട്ടില്‍ പോയിട്ടു പിന്നെ വന്നാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്. അയാള്‍ പറഞ്ഞു - “ഈ ഒരു രാത്രി മാത്രം മതിയെനിക്ക്”. തല കുലുക്കുമ്പോള്‍ തീരെ താല്പര്യമില്ലായ്മ അവളുടെ ശബ്ദത്തിലും ചലനങ്ങളിലും പ്രകടമായിരുന്നു.

രാത്രി വിനോദ സഞ്ചാര കേന്ദ്രത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അവളെ വരിഞ്ഞു മുറുക്കി ചുംബിച്ച് അയാള്‍ പറഞ്ഞു - “നിനക്ക് വെള്ളച്ചാട്ടം ഇഷ്ടമല്ലെ, അതിനാലാണിങ്ങോട്ടു തന്നെ വരാമെന്നു വച്ചത്” ഇക്കുറി അവള്‍ക്കെന്തോ അതിലത്ര വലിയ ത്രില്ലുള്ളതായി തോന്നിയില്ല. “നിങ്ങളുടെ ശരീരത്തിനെന്തു തണുപ്പാ” - അവള്‍ പറഞ്ഞത് അയാള്‍ ശ്രദ്ധിച്ചില്ല.അന്നു രാത്രി അവളെ ചുറ്റിപ്പിടിച്ച് അയാളുറങ്ങി.
പുലരും മുമ്പേ വെള്ളച്ചാട്ടത്തിന്റെ ആരവമാണയാളെ ഉണര്‍ത്തിയത്. നേരം വെളുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവള്‍ ഇപ്പോഴും ഉറങ്ങുകയാണ്. ശബ്ദമുണ്ടാക്കാതെ, അയാള്‍ മുറി തുറന്ന്, ഇരുട്ടിലൂടെ പുഴക്കരയിലേക്കു നടന്നു. ആത്മാവു വരെ കൂര്‍ത്തു കയറുന്ന ഒരു കുളിര് പുഴക്കരയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കു തീരെ ഭയം തോന്നിയില്ല. പകരം എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് അയാള്‍ പുഴയുടെ സൌമ്യതയിലേക്കിറങ്ങി മുങ്ങി നിവര്‍ന്നു. പിന്നെ മിനുസമുള്ള പാറക്കെട്ടുകള്‍ കയറി, യാതൊരു കൂസലുമില്ലാതെ വെള്ളച്ചാട്ടത്തിന്റെ ധവളിമയിലേക്കു നടന്നു.

2008 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പോയകന്നിട്ടും പോകാതെ

“പോകട്ടെ“ എന്നു വിതുമ്പി നിന്റെ മിഴികള്‍
“പോയ് വരൂ“ എന്ന് പൊട്ടുന്ന എന്റെ നെഞ്ചകം
പോയകന്നിട്ടും പോകാതെ മായാതെ നീ
മിഴിയാകെ നിറയെ, മനമാകെ നിറയെ

നീ പോയ വഴിയേ നീണ്ടു നീണ്ടു പോകുന്നു,
അദൃശ്യമായൊരു പാതയായ് എന്റെ കാലുകള്‍
അറിയുന്നു ഞാന്‍, ‍അതിന്റെ ഒരറ്റത്ത്
നിന്റെ പാദങ്ങള്‍‍ തൊടുന്നത്
നിന്റെ കാലിലൊരു മുള്ള്
ക്രൂരമായി അമര്‍ത്തി ചുംബിക്കുന്നത്
ഭീതിയോടെ, വെറുപ്പോടെ
നീയതിനെ അടര്‍ത്തിയെറിയാന്‍
വിഫലശ്രമങ്ങള്‍ നടത്തുന്നത്
പാതയിലേക്കു നിന്റെ ചോരത്തുള്ളികള്‍
ഇറ്റിറ്റിറങ്ങുന്നത്

തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
നിന്നടുത്തുകൂടെ വെളിവില്ലാതെ
വാഹനങ്ങള്‍ പുലഭ്യം പറഞ്ഞ്
പാഞ്ഞുപോകുന്നത്
അവയുടെ കൈകള്‍ നിന്റെ ഉടുപ്പുകളെ
വലിച്ചഴിക്കാന്‍ ശ്രമിക്കുന്നത്
കാഴ്ചയിലേക്കു വിഷമുള്ള പുകയൂതി വിടുന്നത്

എതിരേയും പുറകേയും വശങ്ങളിലൂടെയും
പത്തി വിടര്‍ത്തുന്ന പരശ്ശതം കണ്ണുകള്‍
‍നിന്റെ ശരീരത്തെ ആര്‍ത്തിയോടെ ദംശിക്കുന്നത്
കാന്തിക ദാഹങ്ങളോടെ നിന്റെ ആത്മാവിനെ
വലിച്ചു കുടിക്കുവാന്‍ ശ്രമിക്കുന്നത്

ചെറുത്തു നില്‍ക്കാനാവാതെ
പാവമൊരശ്രുവായ്
നീ മണ്ണിലേക്കു പൊഴിയുമ്പോള്‍
‍നനയുന്നു ഞാനും ഈ വഴിയും.

നിനക്കു പുതപ്പായി നില്‍ക്കാന്‍
‍ഒരാകാശമായെങ്കിലെന്ന്
ആശിച്ചു പോകുന്നു, വെറുതേ

പൂഴ്ന്നു പോയ കാലുകളുമായി
വഴിയുടെ അറ്റത്ത് ഞാനിപ്പോഴും ഒരു മരം
മറ്റേ അറ്റത്ത് നീയും
പോയിക്കഴിഞ്ഞിട്ടും പോകാതെ
മിഴിയാകെ നിറയെ
മനമാകെ നിറയെ

2008 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അമ്മ പ്രാര്‍ത്ഥിക്കുന്നു.

പാസ്പോര്‍ട്ടും വിസയുമായി
മകനെയും കൊണ്ട് വിമാനം ഉയരുമ്പോള്‍
‍കണ്ണുകളടച്ച്, ഉള്ളു കുളിര്‍ത്ത്
അമ്മ പ്രാര്‍ത്ഥിച്ചു
"ദൈവമേ നല്ലകാലം വരുത്തണേ
കൈ നിറയെ കാശുണ്ടാകണേ" എന്ന്

കാലങ്ങള്‍ കഴിഞ്ഞു
അമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
ദൈവമേ നല്ല കാലം തന്നില്ലെങ്കിലും വേണ്ട
നെഞ്ചിന്‍ അടുപ്പിലെ തീയൊന്നണക്കുവാന്‍‍
‍എന്റെ മകനെയൊന്നു
തിരിച്ചു തന്നാല്‍ മാത്രം മതിയെന്ന്

ദൈവമതു വേഗം നിവൃത്തിച്ചു കൊടുത്തു
തിരിച്ചു വന്ന പെട്ടിയില്‍
കാശുണ്ടായിരുന്നില്ലെങ്കിലും
ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ടും
മകനുമുണ്ടായിരുന്നു

നെഞ്ചു പൊട്ടി
പ്രാര്‍ത്ഥിക്കുവാന്‍ കൈ കൂപ്പുമ്പോള്‍
‍എന്താണിനി ചോദിക്കുക എന്ന്
അമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല