പഴകിയ ഷര്‍ട്ടില്‍ മെല്ലിച്ച ശരീരം ഒട്ടിച്ച്, ഷേവു ചെയ്യാത്തതിനാല്‍ വളര്‍ന്ന താടിരോമങ്ങള്‍ക്കിടയില്‍ മുഖം പൊതിഞ്ഞു പിടിച്ച്, ദൈന്യതയുടെ ഗര്‍ത്തങ്ങളില്‍ മിഴികളെ ഒളിപ്പിച്ച്, അയാള്‍ മുന്നിലേയ്ക്ക് ഒരു കറുത്ത നിഴലിനെപ്പോലെ നീങ്ങി നിന്നപ്പോൾ, വര്‍ഷങ്ങള്‍ക്കു പുറകില്‍ പൊടി പിടിച്ചു കിടന്ന ദര്‍പ്പണത്തിലെവിടെയോ ഇനിയും മായാതെ കിടക്കുന്ന സ്വന്തം രൂപത്തെയാണ് എനിക്ക് പൊടുന്നനെ ഓര്‍മ്മ വന്നത്. ഭവ്യതയ്ക്ക് വളവു വന്നതു പോലെയുള്ള അയാളുടെ ആ നില്‍പ്പും, വികാരങ്ങളെല്ലാം പൊലിഞ്ഞടങ്ങിയ ചിത പോലെയുള്ള പരുക്കൻ കണ്ണുകളും എനിക്കിഷ്ടപ്പെട്ടു. ഒതുക്കമുള്ളവന്‍, അനുസരണയുള്ളവന്‍, വിശ്വസിക്കാന്‍ കൊള്ളാവുന്നവന്‍ എന്നെല്ലാമുള്ള വിശേഷണങ്ങള്‍ എന്റെ മനസ്സ് അവനെപ്പറ്റി ഗുണിച്ചുകൊണ്ടിരുന്നെങ്കിലും, ഒരുറപ്പിനായി ഞാന്‍ എടുത്തു ചോദിച്ചു -
“ നിനക്കു ഞാന്‍ തരുന്ന എന്തു പണിയും ചെയ്യാന്‍ പറ്റുമോ?”
“ചെയ്യാം സാർ” - യാതൊരു അര്‍ത്ഥശങ്കയ്ക്കുമിടയില്ലാതെയാണ് അവന്റെ ഉത്തരം വന്നത്.
“എന്നു വച്ചാൽ, ഞാന്‍ നിന്നോടൊരാളെ കൊല്ലാന്‍ പറഞ്ഞെന്നിരിക്കുക, നീ കൊല്ലുമോടാ?”
“തീച്ചയായും കൊന്നിരിക്കും സാർ”
ചോദിക്കാന്‍ എനിക്കു കുറച്ചു സമയം വേണ്ടി വന്നു എന്നത് നേര്. പക്ഷെ ഉത്തരം പൊടുന്നനെയാണ് അവനില്‍ നിന്നും വന്നത്. അതെന്നെ തെല്ലൊന്നമ്പരപ്പിച്ചു. മാഫിയക്കാരും, ക്വട്ടേഷന്‍ കാരും, പാര്‍ട്ടിക്കാരും, ഭീകരരും ഒക്കെ തങ്ങളുടെ കൃത്യം നടപ്പിലാക്കിയ ശേഷം നാട്ടില്‍ നിന്നും രക്ഷപ്പെട്ടു പൊന്തുന്നത് ഇവിടേയ്ക്കാണല്ലോ. ഇനി ഇവന്‍ വല്ലവരെയും കൊന്നിട്ടു വന്നിരിക്കുകയാണോ എന്നൊരു സന്ദേഹം പൊടുന്നനെ തലയുയര്‍ത്തി എന്നെ നോക്കി. ഇവന്‍ എനിക്കു പണി തരുമോ എന്നൊരു ചോദ്യം സന്ദേഹത്തിന്റെ പുരികം വളയ്ക്കലിലുണ്ടായിരുന്നു.
ഞാന്‍ ഒന്നു കൂടി എന്റെ ആവനാഴിയില്‍ പരതി. “നീയെത്ര പേരെ കൊന്നിട്ടുണ്ട്. ഒന്നു കേള്‍ക്കട്ടെ. ഒരാളെ ഒരു പണിയ്ക്കു വയ്ക്കുമ്പോള്‍ എക്സ്പീരിയന്‍സ് കൂടി നോക്കണമല്ലോ?” - നിരവധി ഇന്ത്യക്കാരെയും, പാകിസ്ഥാനികളേയും, ഫിലിപ്പിനോകളേയുമൊക്കെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള, എല്ലാവരാലും ‘മുദീർ‘ (മാനേജർ) എന്നു വിളിക്കപ്പെടുന്ന ഞാന്‍, എന്റെ കസേരയിലേയ്ക്കൊന്ന് അമര്‍ന്നിരുന്നു. “എനിക്കു വീര്‍പ്പു മുട്ടുന്നേ” എന്നു കസേര കരഞ്ഞപ്പോള്‍ “പോടേ” എന്നു ഞാനൊന്നാട്ടി.
അവന്റെ നെറ്റിയിലെ ഞരമ്പുകള്‍ വലിയുന്നതും, താടിരോമങ്ങള്‍ക്കുള്ളില്‍ ഒളിച്ചു നില്‍ക്കുന്ന മുഖം വിളറുന്നതും, ചുണ്ടുകള്‍ വരളുന്നതും ഒന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ അവന്‍ എന്നെ നിരാശനാക്കി. “ഞാനെന്നെത്തന്നെയാണ് കൊന്നിട്ടുള്ളത് സാർ, പല വട്ടം” - അവന്റെ ഫിലോസഫിയില്‍ കലക്കിയ ഉത്തരം എന്നിലെ നര്‍മ്മബോധത്തിലേയ്ക്ക് അടപ്പു തുറന്നു ചാടി. ഹാ..ഹ്ഹ..ഹ്ഹാ...” എന്റെ അട്ടഹാസം മുറിയെ ആലസ്യത്തില്‍ നിന്നും ഉണര്‍ത്തി. എയർക്കണ്ടീഷണറിൽ നിന്നും ഒരു കുടം തണുപ്പ് അധികമായി പുറത്തു ചാടി. മേശപ്പുറത്തിരുന്ന സ്ഫടികത്തിന്റെ പേപ്പര്‍ വെയ്റ്റിൽ എന്റെ മുഖഛായ നിറഞ്ഞു കവിഞ്ഞു. “തമാശക്കാരനാണല്ലേ. എനിക്ക് തമാശക്കാരെ വളരെ ഇഷ്ടമാ” - ഞാന്‍ അവന്റെ മുന്നില്‍ സവിശേഷമായതെന്ന് എനിക്കു തോന്നിക്കുന്ന എന്റെ സ്ഥിരം ഡയലോഗിന്റെ കുറച്ചു കഷണങ്ങൾ എടുത്തു വച്ചു.
എന്നാല്‍ യാതൊരു ഭാവമാറ്റവുമില്ലാതെ കണ്ണുകളില്‍ സ്വന്തം ജഡം തൂക്കിയിട്ട് താന്‍ പറഞ്ഞത് സത്യമാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അവന്‍ ശ്രമിക്കുന്നതാണ് എനിക്കു കാണാന്‍ കഴിഞ്ഞത്. ദൈന്യതയും മനസ്സിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ച തന്നെയാണ് എന്ന കാര്യം എനിക്കു പലപ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പ്രത്യേകിച്ചും, ഗള്‍ഫ് നാടുകളിൽ.
ഏതായാലും എനിക്കൊരാളെ ജോലിയ്ക്കു വേണം. അതിവനായാലും തരക്കേടില്ല എന്നാണ് മനസ്സു പറയുന്നത്. സ്വയം ജോലി തേടി വന്നതാണെന്നാണ് റിസപ്‌ഷനിസ്റ്റ് പറഞ്ഞത്. നേരാവണമെന്നില്ല. അങ്ങനെ പറയാന്‍ ആരെങ്കിലും പറഞ്ഞു വിട്ടതാവാനും മതി. ഇനിയിപ്പോള്‍ അതിനെപ്പറ്റിയൊന്നും തലപുകയ്ക്കേണ്ടതില്ല എന്നാണ് തോന്നുന്നത്.
ഇവനേറ്റവും കുറഞ്ഞത് എന്തു ശമ്പളം നല്‍കേണ്ടി വരും എന്നു ഞാനാലോചിച്ചു. ഞാന്‍ കുഴങ്ങി. അവനെക്കൊണ്ട് ഞാന്‍ ചെയ്യിക്കാനുദ്ദേശിക്കുന്ന ജോലികള്‍ക്കൊക്കെ നിലവിലുള്ള ശമ്പളമെത്രയെന്ന് എനിക്കു നന്നായറിയാം. ഇവനെ ജോലിക്കെടുത്താല്‍ ഇടയ്ക്കിടയ്ക്ക് തലവേദനയുണ്ടാക്കുന്ന ഒന്നു രണ്ടു പേരെ പറഞ്ഞു വിടാനുള്ള അവസരവും തെളിഞ്ഞു വരുന്നുണ്ട്. അവരുടെ ജോലി കൂടി ഇവന്‍ ചെയ്താല്‍ രണ്ടു പേരുടെ ചിലവുകള്‍ ചുരുക്കാം. അതും എനിക്കൊരു ക്രെഡിറ്റായിരിക്കും. മുന്നില്‍ നില്‍ക്കുന്നവന്‍ തീരെ ദുര്‍ബ്ബലന്‍ ആണെന്നു തോന്നുന്നില്ലെങ്കിലും എന്തൊക്കെയോ പ്രാരാബ്ധങ്ങളില്‍ തളയ്ക്കപ്പെട്ട്, പോരാടാനുള്ള കരുത്ത് പുറത്തെടുക്കാനാവാതെ ഒതുങ്ങിപ്പോയവനാകണം. അങ്ങിനെ ഒതുങ്ങിപ്പോയവരാകുമ്പോള്‍ എന്തു ജോലിയും ചെയ്യുമെന്ന് എനിക്കനുഭവത്തില്‍ നിന്നും നന്നായറിയാം. ഏതായാലും അവന്റെ ദൌര്‍ബല്ല്യങ്ങളുടെ ആഴം കൃത്യമായി അളക്കണം. അതിനു ശേഷമാണ് വില പേശൽ. സാധാരണ ഇത്തരം അവസ്ഥകളില്‍ പെടുന്നവര്‍ കൂടുതല്‍ ബാര്‍ഗെയില്‍ ചെയ്യാന്‍ നില്‍ക്കാറില്ല എന്നതാണ് അനുഭവം. അതിന്റെ ലാഭവും എനിക്കു തന്നെ. പിന്നെ ഗള്‍ഫില്‍ കിടന്നു നരകിക്കുന്ന പ്രവാസിക്ക് ഒരു ജോലി കൊടുക്കാന്‍ സന്മനസ്സു കാണിച്ച ആള്‍ എന്ന നിലയിലും എന്റെ അക്കൌണ്ടില്‍ നിക്ഷേപങ്ങള്‍ വീണിരിക്കും എന്ന കാര്യം കൂടി ഓർത്തപ്പോൾ എനിക്കെന്നെക്കുറിച്ച് പലപ്പോഴും തോന്നാറുള്ള മതിപ്പ് ഒന്നു കൂടി നിവർന്നു നിന്നു. ഒരു പ്രവാസി പുരസ്ക്കാരമെങ്കിലും ഒപ്പിച്ചെടുക്കണമെങ്കിൽ ഇത്തരം കാര്യങ്ങള്‍ വേണ്ടതു തന്നെ. ദൈവം തന്നെയായിരിക്കണം ഇവനെ എന്റെ അടുത്തേക്കയച്ചു തന്നത്. ഒരു പക്ഷേ നാട്ടിൽ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന പഴയ ദേവാലയം പുനരുദ്ധാരണം ചെയ്തതിന്റെ (അതിനുള്ളിൽ സ്വന്തം പേര് കൊത്തി വയ്പ്പിച്ചിട്ടാണെങ്കിലും) പുണ്യം കൂടിയാകാം.
“തനിക്കു നാട്ടിലാരൊക്കെയുണ്ട്?” - നേരത്തെ ഒന്നു രണ്ടു വട്ടം നീയെന്നു വിളിച്ചു പോയത് മാറ്റി വച്ച്, ആവുന്നത്ര സൌഹൃദം പുരട്ടി ഞാനാരാഞ്ഞു. അതൊരസ്ത്രമായിരുന്നു. അതേറ്റപ്പോള്‍ അവനൊന്നു പുളയുന്നത് ഞാന്‍ സന്തോഷത്തോടെ നോക്കി നിന്നു. വളരെ സ്നേഹത്തോടെത്തന്നെയാണ് ഞാന്‍ ചോദ്യങ്ങള്‍ എറിയാന്‍ തുടങ്ങിയത്.
“എല്ലാവരുമുണ്ട് സാർ“
അതെനിക്കു തൃപ്തി തരുന്ന ഒരുത്തരമായിരുന്നില്ല. ഒരു സ്ക്രൂ തിരിക്കുന്നതു പോലെ അവന്റെ ഉള്ളിലേക്കിറങ്ങാനാവുന്നതാണ് ഒരു ഉദ്യോഗസ്ഥന്റെ കഴിവ് എന്നെനിക്കു നന്നായറിയാം. പ്രത്യേകിച്ചും ഒരിന്റര്‍വ്യൂ ടേബിളിന്നു പിറകിലിരിക്കുമ്പോൾ.
“എന്നു പറഞ്ഞാലായില്ലല്ലോ. കൃത്യമായിപ്പറയൂ, തന്നെ ജോലിക്കു വയ്ക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന് കൃത്യമായ ഉത്തരങ്ങള്‍ വേണം” - സ്ക്രൂവിന്റെ പിരി വളരെ കൃത്യതയോടെ ഞാന്‍ അവനിലേക്കിറക്കി.
“അച്ഛന്‍, അമ്മ” - അവന്റെ ശബ്ദത്തിനു ഞാന്‍ പ്രതീക്ഷിച്ച വികാരവായ്പ്പില്ലെന്നെനിക്കു തോന്നി.
“സഹോദരങ്ങളാരുമില്ലേ” - ഒരു പിരി കൂടി.
“ഉണ്ട്. രണ്ടു പേർ”.
“അവരെല്ലാം എന്തു ചെയ്യുന്നു?”
“പഠിക്കുകയാണു സാർ”
“ഓ.കെ. അതു കൊള്ളാം.”
“സിസ്റ്റേര്‍സ്, പെങ്ങന്മാരാരുമില്ലേ?” എത്ര കരുതിയിട്ടും എന്റെ സ്വരത്തില്‍ മുഴച്ചു നിന്ന ആവശ്യമില്ലാത്ത ഒരാകാംക്ഷയെ അവന്‍ ശ്രദ്ധിച്ചു കാണാന്‍ സാധ്യതയില്ല എന്നു ഞാന്‍ എന്നോടു പറഞ്ഞു.
“ഉണ്ട് സാർ, രണ്ടു പേർ”
അത് നല്ല കാര്യമാണല്ലോടാ മോനേ എന്ന് എന്റെ മനസ്സ് തലകുലുക്കുന്നത് ഞാന്‍ കണ്ടു. “യൂ ആര്‍ വെരി വെരി നോട്ടി” എന്ന് റിസപ്‌ഷനിലിരിക്കുന്ന ഫിലിപ്പിനോപ്പെണ്ണ് എപ്പോഴും എന്നോട് പറയാറുള്ളത് ഞാനോര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് നോട്ടിയായ മനസ്സു പറഞ്ഞു. അതിനൊരു വഴിയുണ്ട് -
“വിവാഹിതർ?” ഗ്രാന്റ് മാസ്റ്റര്‍ പ്രദീപിന്റെ കസേരയിലാണ് ഞാനിപ്പോൾ. ഒരു ക്വിസ് മാസ്റ്ററുടെ രക്തം എന്നിലേയ്ക്ക് എവിടെ നിന്നോ ഇരച്ചു കയറുന്നുണ്ടായിരുന്നു.
“വിവാഹം തരമായിട്ടില്ല”
“കല്ല്യാണ പ്രായമായ, പുര നിറഞ്ഞു നില്‍ക്കുന്ന, രണ്ടു സഹോദരിമാർ. ഒന്നു നിർത്തി അയാളുടെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചു നോക്കി “അല്ലേ?” എന്ന അസ്ത്രം തൊടുക്കുമ്പോള്‍ എന്റെ മനസ്സിലേക്കെവിടെ നിന്നോ ചില ലഹരികള്‍ നുരഞ്ഞു വരുന്നുണ്ടായിരുന്നു. തെല്ലൊന്നാസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ഞാനതു ചോദിച്ചത്.
“അതെ സർ”
“ജോലിയൊന്നുമില്ലേ?”
“ഇല്ല സർ” .
“ക്വയറ്റ് ഇന്ററസ്റ്റിംഗ്” എന്നു ഞാനെന്റെ മനസ്സിലുള്ളില്‍ പറഞ്ഞെങ്കിലും അതു പുറത്തു കാണിക്കാതെ അവനെ കേള്‍പ്പിക്കുവാന്‍ ഞാനൊന്നു മൂളിയെന്നു വരുത്തി.
“വിവാഹിതനാണല്ലേ?” - എന്റെ ചോദ്യം ഒരു ഗസ്സ് വര്‍ക്കായിരുന്നെന്ന് അവനറിയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.
“അതേ” ഗസ്സ് വര്‍ക്കിന്റെ വിജയത്തില്‍ എനിക്കു സന്തോഷമായി
“കുട്ടികളായില്ല അല്ലേ” - വീണ്ടും ഒരു ഗസ്സ് വര്‍ക്കില്‍ തൂങ്ങി എന്റെ ബുദ്ധി പരീക്ഷണം.
“ഉണ്ട് സാർ, രണ്ടു പേരുണ്ട്‍. ഇരട്ടകൾ” - ഗസ്സ് വര്‍ക്ക് ഒന്നു തെറ്റിയെങ്കിലും അവന്റെ ഉത്തരത്തില്‍ ഞാന്‍ സന്തുഷ്ടനായി.
“അപ്പോൾ, അച്ഛന്‍, അമ്മ, വിവാഹ പ്രായമെത്തിയ സഹോദരിമാർ, പഠിക്കുന്ന സഹോദരങ്ങൾ, ഭാര്യ, മക്കൾ. ഒരു വലിയ കുടുംബത്തിന്റെ ഭാരം ചുമക്കുന്നവന്‍ ആണല്ലേ?”
അയാള്‍ മെല്ലെ തലയാട്ടി. അത്രയും വിവരിച്ചപ്പോള്‍ ത്തന്നെ അയാള്‍ തളരുന്നത് എനിക്കു കാണാമായിരുന്നു. ഞാനുള്ളില്‍ ചിരിച്ചു. എല്ലാം ഉദ്ദേശിച്ചതു പോലെത്തന്നെയുള്ള കാര്യങ്ങൾ.
“ഇവിടെ വന്നതെങ്ങിനെയാണ് എന്നു കൂടി പറയൂ. ചുരുങ്ങിയ വാക്കുകളില്‍ മതി” - ഇന്റര്‍വ്യുവിന്റെ ത്രില്ലില്‍ നില്‍ക്കുന്ന എനിക്ക് അവനെ ഓരോരോ അഗ്നിപരീക്ഷകളില്‍ക്കൂടി കടത്തി വിട്ട് ശുദ്ധീകരിച്ചെടുക്കേണ്ടതുണ്ടായിരുന്നു.
“ സ്വന്തം ബന്ധുവിന്റെ കമ്പനിയിലേക്കായിരുന്നു വന്നത്. ഉണ്ടായിരുന്ന സ്വര്‍ണ്ണവും പറമ്പിന്റെ ആധാരവും പണയം വയ്പ്പിച്ച് പൈസ മുഴുവന്‍ അയാള്‍ വാങ്ങി. അയാള്‍ നടത്തുന്ന അപ്പാര്‍ട്ടുമെന്റില്‍ ഒരു പിമ്പായി വര്‍ക്കു ചെയ്യാന്‍ എനിക്കു സാധിക്കുമായിരുന്നില്ല. ഒരു പാഠം പഠിപ്പിക്കുവാന്‍ അയാള്‍ എന്നെ ഒരു അറബിയുടെ അടുത്തെത്തിച്ചു.“ - അയാള്‍ പറയുമ്പോള്‍ ഇടറിപ്പോകുന്നതും തേങ്ങിപ്പോകുന്നതും ഒരു ടി.വി റിയാലിറ്റി ഷോ കാണുന്നതു പോലെ ഞാന്‍ കണ്ടിരുന്നു. വളരെ കൃത്യമായി നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സാധാരണ സംഗതിയാണെങ്കിലും എന്തൊരു ത്രില്ലിംഗ് ഷോട്ട്. റിയാലിറ്റികളിലെ വിധികര്‍ത്താവാകാനുള്ള എല്ലാ കഴിവുകളും എന്നിലുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കഥയല്ലിതു ജീവിതം. എത്ര ചതിയില്‍പ്പെട്ടാലും ഒരിക്കലും പഠിക്കാത്തവരായവരുടെ കഥകൾക്ക് ആയിരത്തൊന്നു രാവുകളുടെ കഥകളുറങ്ങുന്ന ഈ നാട്ടിലുണ്ടോ പഞ്ഞം.
“അറബിയുടെ മാനേജര്‍ പാസ്പോര്‍ട്ട് വാങ്ങി വച്ചു. പിന്നീട് തിരിച്ചു തന്നിട്ടില്ല.“
“ഓഹോ, അതാണ് ഒരാളെ കുടുക്കാനുള്ള ആദ്യത്തെ തന്ത്രം. അയാള്‍ എവിടത്തുകാരനാണ്?” ഞാന്‍ പൊടുന്നനെ പാസ്പോർട്ടില്ലാത്ത, താമസ രേഖകളില്ലാത്ത പാവം പ്രവാസികളുടെ ജിഹ്വയായി.
“നമ്മുടെ നാട്ടുകാരന്‍ തന്നെ”. അതില്‍ യാതൊരു അത്ഭുതവും എനിക്കു തോന്നിയില്ല. ഇതൊരു സാധാരണക്കാര്യം. ഒരു നിമിഷം എന്റെ അലമാരയില്‍ ഭദ്രമായിരിക്കുന്ന എന്റെയും കുടുംബത്തിന്റേയും പാസ്പ്പോര്‍ട്ടുകളെ ഞാന്‍ വെറുതേ ഓര്‍ത്തു.
“അവിടെ നിന്നും ഞാന്‍ ഒളിച്ചോടി. അതിനിടയില്‍ ഞാനറിയാതെ എന്റെ ഭാര്യയേയും പെങ്ങമ്മാരെയും ഗള്‍ഫിലേയ്ക്കു കൊണ്ടു വരുവാന്‍ അപ്പാര്‍ട്ടുമെന്റുകാരന്‍ ബന്ധു നടത്തിയ ശ്രമം തടയാനെനിക്കു കഴിഞ്ഞതു മാത്രം ഭാഗ്യം. അധികാരികളില്‍ നിന്നും ഒളിച്ചു മാറി ജീവിച്ചു വരുമ്പോഴാണ് പൊതു മാപ്പു വരുന്നത്. പിടിക്കപ്പെട്ടാല്‍ എനിക്കു നാട്ടില്‍ പോകേണ്ടി വരും. പിന്നെ ജീവിക്കാനാവില്ല.“
ചുരുളുകള്‍ നിവര്‍ത്തിയപ്പോൾ, കീറിപ്പറിഞ്ഞ് അക്ഷരങ്ങള്‍ അവിടവിടെ മാഞ്ഞു തുടങ്ങിയ ഒരു പഴയ കടലാസ്സായി അവന്‍. കളവില്‍ പിടിക്കപ്പെട്ടവനെപ്പോലെ അവനെന്റെ മുന്നില്‍ നിന്നു. എനിക്കിപ്പോള്‍ അവനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അറിയാം. അവനെ കൊണ്ടു വന്ന ആളിനേയും, കുപ്രസിദ്ധമായ അയാളുടെ അപ്പാര്‍ട്ടുമെന്റുകളേയും അറിയാം.എനിക്കു വേണമെങ്കില്‍ അവനെ ഒറ്റിക്കൊടുക്കാം. ഏതായാലും അതിപ്പോള്‍ വേണ്ട. ഇന്നു വൈകുന്നേരം അപ്പാര്‍ട്ടുമെന്റുകാരനെ കാണുമ്പോള്‍ പറയുന്നുണ്ട് “അളിയാ, നിന്റെ കയ്യില്‍ നിന്നും ചാടിപ്പോയ ഒരു ഉരുപ്പടി എന്റെ അടുത്തെത്തിയിട്ടുണ്ട്. ഞാനവനെ വച്ച് ഒരു എലിയും പൂച്ചയും കളിക്കാന്‍ തുടങ്ങുന്നുണ്ട്.”
എന്നില്‍ത്തന്നെ മുഴുവന്‍ പ്രതീക്ഷയുമര്‍പ്പിച്ച നോട്ടവുമായി നില്‍ക്കുന്ന അവനോടു ഞാന്‍ പറഞ്ഞു.
“നമുക്കു വഴിയുണ്ടാക്കാം. ജോലി ഞാന്‍ തനിക്കു ശരിയാക്കിത്തരാം.“അയാളുടെ മിഴികളില്‍ നക്ഷത്രങ്ങൾ പിറക്കുന്നത് ഞാന്‍ കണ്ടു.
“പക്ഷെ, ജോലി കുറച്ചു ബുദ്ധിമുട്ടുള്ളതായിരിക്കും” - അടുത്ത അമ്പ് ഞാന്‍ വിദഗ്ദ്ധമായി തൊടുത്തു.
“സാരമില്ല. എല്ലാ ബുദ്ധിമുട്ടും പരിചയിച്ചു കഴിഞ്ഞു സാർ”.
“ശമ്പളം തീരെ കുറച്ചു കൊടുക്കുന്നവനാ എന്റെ അറബി. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും അയാള്‍ ഗൌനിക്കാറില്ല. കാശുണ്ടാക്കാന്‍ മാത്രമെ അറിയൂ. എല്ലാവരും അടിമകളാണെന്നാ അയാളുടെ വിചാരം. ദുഷ്ടന്‍”. പെട്ടെന്നു തന്നെ പൌരാവകാശത്തിന്റെ പ്രവാചകനായി ഞാന്‍ മാറി. അറബിയെപ്പറ്റി വളരെ മോശപ്പെട്ട ഒരു മുന്‍ കൂര്‍ ധാരണ എല്ലാ തൊഴിലാളികളിലും ഉണ്ടാക്കുക എന്നത്, എനിക്കെന്നോട് പലപ്പോഴും മതിപ്പുണ്ടാക്കിയിട്ടുള്ള, എന്റെ ഒരു സ്ഥിരം ഐറ്റം നമ്പര്‍ തന്നെയാണ്. പിന്നീട് ഒരു തര്‍ക്കമുണ്ടാകുന്ന അവസരങ്ങളിലൊക്കെ എന്റെ സ്ഥാനം ഭദ്രമാക്കി എല്ലാ പഴികളും അറബിയില്‍ ചാരാന്‍ ഇത് തരുന്ന സഹായം ചില്ലറയൊന്നുമല്ലെന്നെനിക്കറിയാം. എന്റെ നില നില്‍പ്പിന്റേയും ഉയര്‍ച്ചയുടേയും ഒക്കെ ഒരു നിദാനം അറബിയെ അവനറിയാതെ തന്നെ ഞാനിടുവിച്ച വില്ലന്‍ വേഷം തന്നെയാണെന്ന് എനിക്കറിയാമായിരുന്നു.
“അറിയാം സാർ” - അവനില്‍ ഭാവഭേദങ്ങളൊന്നുമുണ്ടായില്ല എന്നത് ഞാന്‍ പ്രതിക്ഷിച്ചിരുന്നില്ലെന്നു വേണം പറയാന്‍.
“പിന്നെ, ഞാനായിരിക്കും നിങ്ങളുടെ ബോസ്സ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരെതിര്‍പ്പുമില്ലാതെ ചെയ്യണം. എന്നെപ്പറ്റി ശത്രുക്കള്‍ പലതും പറയും. നമ്മുടെ നാട്ടുകാര്‍ തന്നെ നിങ്ങളെ എനിക്കെതിരെ വളയ്ക്കാന്‍ നോക്കും. വളയരുത്. ശമ്പളവും ലീവും ഒഴിവു സമയവുമൊക്കെ ഞാന്‍ നിശ്ചയിക്കും.”
“സമ്മതം സാർ”. ഞാനൊന്നു നിവര്‍ന്നിരുന്നു. അയാളെ ഒന്നു കൂടി വിശകലനം ചെയ്തു. അയാളുടെ ശമ്പളത്തിന്റെ വകയില്‍ അറബിയില്‍ നിന്നും അടിച്ചെടുക്കാനാവുന്ന തുകയുടെ വലിപ്പം മനക്കണക്കിലൂടെ കൂട്ടി ഞാന്‍ മനസ്സിന്റെ ഒരു കോണിലിട്ടു. എന്റെ മറ്റുള്ള തരികിടകള്‍ വച്ചു നോക്കുമ്പോള്‍ തീരെ ചെറിയ തുക. എന്നാലും കുഴപ്പമില്ല. പണമല്ലേ.
“ഒന്നു ചോദിക്കട്ടെ. എത്ര വരെ പഠിച്ചു”. പത്താം ക്ലാസ്സു കടന്നവനാണോ എന്നായിരുന്നു എനിക്കറിയേണ്ടിയിരുന്നത്.
“ഐ ആം എം.ഏ. ലിറ്ററേച്ചർ”. വികാര രഹിതനായി അവനാ വാക്കുകള്‍ പെറുക്കി വച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയത് ഞാനായിരുന്നു. അറിയാതെ ഞാനിരുന്ന കസേരയൊന്നിളകി. എന്റെ വാക്കുകളില്‍ എപ്പോഴും സംഭവിക്കാറുള്ള തെറ്റുകളെപ്പറ്റി ഒരു നിമിഷം ഞാന്‍ ബോധവാനായി. പത്താം തരം പോലും കടക്കാനാവാതെ ഫെയില്‍ഡ് എന്ന തലക്കുറിയുമായുറങ്ങുന്ന എന്റെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റിനെപ്പറ്റി ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. അറബിയെക്കാണിച്ചിട്ടുള്ള വലിയ ഡിഗ്രികള്‍ എല്ലാം ഒപ്പിച്ചെടുത്തതാണെന്ന് എനിക്കും അതെല്ലാം വിദഗ്ധമായി ഉണ്ടാക്കി ഒറിജിനലിനെ വെല്ലുന്ന സീലും ഒപ്പുമൊക്കെ ഇട്ടു അനുഗ്രഹിച്ചു കയ്യിൽത്തന്ന ‘പ്രിൻസിപ്പാളച്ചായൻ‘ എന്ന അധോലോക ബുദ്ധിമാനും മാത്രമറിയാം.
“എന്റെ വിദ്യാഭ്യാസ യോഗ്യതകളെപ്പറ്റി ഞാനാരോടും പറയാറില്ല സാർ. പത്താം ക്ലാസ് ഫെയില്‍ എന്നേ പറയാറുള്ളു. പിന്നെ ആരും സര്‍ട്ടിഫിക്കറ്റൊന്നും ചോദിക്കില്ലല്ലോ”. അയാളുടെ വാക്കുകള്‍ ഒരു കുളിര്‍മഴ പോലെയാണ് എന്നില്‍ പെയ്തത്. ആ മഴയിൽല്‍ നനഞ്ഞ് ഞാനാകെ ഉന്മേഷവാനായി. നഷ്ടപ്പെട്ട സ്ഥലകാലബോധം ഞാന്‍ പൊടുന്നനെ തിരിച്ചെടുത്ത് ഫിക്സ് ചെയ്തു.
“ഒരു കാര്യം കൂടി, എത്ര ശമ്പളം തന്നാല്‍ താൻ എന്റെ കീഴില്‍ ജോലി ചെയ്യും” - പോസ്റ്റ് ഗ്രാജുവേറ്റായ അവന്റെ ഉള്ളറിയാന്‍ ഒരു തന്ത്രം കൂടി.
“ശമ്പളം വേണ്ട”- അവന്‍ യാതൊരു മടിയുമില്ലാതെയാണ് അതു പറഞ്ഞത്. എനിക്കതു പെട്ടെന്നു വിശ്വസിക്കാനായില്ല. ഞാന്‍ കേള്‍ക്കാത്തതിനാലാണെന്ന് കരുതിയിട്ടൊ മറ്റോ അവന്‍ കുറച്ചുറക്കെപ്പറഞ്ഞു -
“സ്പോണ്‍സര്‍ഷിപ്പും, ഒരു നേരത്തെ ഭക്ഷണവും തന്നാല്‍ മാത്രം മതി, കിടക്കാനൊരു മൂലയും. എന്തു ജോലിയും ചെയ്യാം. എന്റെ ശമ്പളം സാറെടുത്തോളൂ.“
ഗാഡമായി ചിന്തിക്കുന്നതു പോലെ ഇത്തിരി നേരം വെറുതെയിരുന്നിട്ട് പൊടുന്നനേ മുഖമുയർത്തി ഗാംഭീര്യത്തോടെ ഞാൻ പറഞ്ഞു - “ശരി നാളെ മുതൽ ജോലിക്കു വന്നോളൂ”
ഭവ്യതയോടെ നന്ദി പറഞ്ഞ് അവൻ പുറത്തേയ്ക്കു പോയപ്പോൾ, ഞാനൊന്നു നിവര്‍ന്നിരുന്നു. എത്ര മറയ്ക്കാന്‍ ശ്രമിച്ചിട്ടും എന്റെ ചുണ്ടിന്റെ കോണില്‍ പൊടുന്നനെ വിരിഞ്ഞ ഒരു മന്ദസ്മിതത്തെ മേശപ്പുറത്തെ പേപ്പർ വെയ്റ്റിലൂടെ എനിക്കിപ്പോള്‍ വ്യക്തമായിത്തന്നെ കാണാം.