“ആനപ്പേടി” - തൂണീരത്തില്‍
http://thooneeram.blogspot.com
2008 മാർച്ച് 5, ബുധനാഴ്ച
ആദ്യരാത്രി
അവള് പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലയ്ക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവ വധുവിന്റെ എല്ലാ ഭാവഹാവാദികളോടും കൂടി മന്ദം മന്ദം നടന്നു വന്ന് അവള് അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു.
വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച് അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു -
“നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്. നിനക്കത് കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന് ഞാനൂഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാം കേട്ടതിനു ശേഷം നിനക്കൊരു തീരുമാനമെടുക്കാം”
“എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കീ കസേരകളിലോട്ടിരിക്കാം” - അവള് പറഞ്ഞു.
അവര്‍ അഭിമുഖമായിട്ടിരുന്ന കസേരകളിലിരുന്നു. അയാള്‍ തുടങ്ങി -
“എനിക്കൊരു പ്രേമബന്ധമുണ്ട്. “
“ഞാനൂഹിച്ചു” - അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ പതുക്കെയൊന്നു പതറാതിരുന്നില്ല.
“ഞങ്ങള്‍ തമ്മിലിപ്പോഴും നല്ല അടുപ്പത്തില്‍ ത്തന്നെയാണ്. ഒരു പക്ഷെ നമ്മുടെ ഈ ബന്ധം അവസാനിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ വിവാഹിതരായെന്നു വരാം.”
പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നുമില്ല. അവള് കൌതുകത്തോടെ കേട്ടിരിക്കുന്നുണ്ട്.
“നിന്റച്ഛന് വച്ചു നീട്ടിയ സ്ത്രീധനത്തിന്റെ ആകര്‍ഷണവലയത്തില്‍ കുടുങ്ങിയാണ് ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്“
“ഞാനതും ഊഹിച്ചതു തന്നെ” - അവള് ഭാവഭേദമെന്യേ പറഞ്ഞു.
“വിവാഹത്തിനു ശേഷവും ഞാനവളുമായുള്ള ബന്ധം തുടര്‍ന്നെന്നിരിക്കും. നിനക്കതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.” - പറഞ്ഞു തീര്‍ത്തപ്പോഴേക്കും അയാള്‍ വിയര്‍ത്തിരുന്നു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍ തുടയ്ക്കാന്‍ അയാള്‍ മുതിരാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നു.
“എനിക്കെതിര്‍പ്പൊന്നുമില്ല”
അവള്‍ക്കു യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അയാളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു അത്. പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലം ശുഭമായി പര്യവസാനിച്ചതില്‍ അയാള്‍ക്കു സന്തോഷം തോന്നി. അയാള്‍ ദീര്ഘമായൊന്നു നെടുവീര്‍പ്പിട്ടു.
“നിനക്കെന്തെങ്കിലും പറയണമെന്നുണ്ടോ?” അയാള്‍ അവളോടു ചോദിച്ചു.
“എനിക്കു പറയാനുണ്ടായിരുന്നതെല്ലാം തന്നെയാണ് നിങ്ങളിപ്പോള്‍ പറഞ്ഞത്. എങ്ങിനെയാണതവതരിപ്പിക്കുക എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനി എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കെതിര്‍പ്പുണ്ടോ എന്നു മാത്രം അറിഞ്ഞാല്‍ മതി.“ അവളയാളെ സാകൂതം നോക്കി.
സംഗതികളുടെ പൂര്‍ണ്ണരൂപം ഇപ്പോഴാണയാള്‍ക്കു പിടി കിട്ടിയത്. കുറച്ചു നേരത്തെ ചിന്തയ്ക്കു ശേഷം അയാള്‍ ദൃഡമായിപ്പറഞ്ഞു -
“എനിക്കു വിരോധമില്ല”
അവള് ചിരിച്ചു. ഒപ്പം അയാളും. പിന്നെ അവര്‍ രണ്ടു പേരും ഒരുമിച്ച് ആദ്യരാത്രിയിലേക്കു കടന്നപ്പോള്‍ ഒരു കൊതുക് മൂളിച്ചയോടെ അവരെ വട്ടമിട്ട് പറന്നത് അസൂയകൊണ്ടാകാം.
ലേബലുകള്‍:
FIRST NIGHT,
LOVE,
MARRIAGE
2008 ഫെബ്രുവരി 26, ചൊവ്വാഴ്ച
2008 ഫെബ്രുവരി 20, ബുധനാഴ്ച
തൂ ണീ രം - പുതിയ ബ്ലോഗ്
പുതിയൊരു ബ്ലോഗു കൂടി ബൂലോകസമക്ഷം ആദരവോടെ സമര്‍പ്പിക്കുന്നു. “തൂണീരം“ എന്നു നാമധേയം. അമ്പുകളുടെ ശേഖരമൊന്നുമില്ല. കമന്റുകള്‍ കൂരമ്പുകളായി വന്നാലും സൂക്ഷിച്ചു വയ്ക്കാമല്ലൊ.
എല്ലാ ബൂലോകരുടേയും സ്നേഹവും, സഹകരണവും, പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.
URL http://thooneeram.blogspot.com/
ക്ലിക്കുവാന്‍ മറക്കരുതേ.
സ്നേഹത്തോടെ
മോഹന്‍
എല്ലാ ബൂലോകരുടേയും സ്നേഹവും, സഹകരണവും, പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.
URL http://thooneeram.blogspot.com/
ക്ലിക്കുവാന്‍ മറക്കരുതേ.
സ്നേഹത്തോടെ
മോഹന്‍
ലേബലുകള്‍:
NEW BLOG,
THOONEERAM
2008 ഫെബ്രുവരി 11, തിങ്കളാഴ്ച
ടെലഫോണ്‍ ബൂത്ത്

നിനക്കു പിടിച്ചെടുക്കാം
എന്റെ സ്വകാര്യ സംഭാഷണങ്ങളെ
ഹൃദയമിടിപ്പിനെ
വേദനയെ
അപൂര്‍വ്വമായി മാത്രം വരുന്ന ചിരിയെ
മാസം തോറും
ഒരു ദിനാറിന്റെ പ്രീപെയ്ഡ് കാര്‍ഡിലൂടെ
ഞാന്‍ സ്വന്തമാക്കുന്ന
ശബ്ദ പ്രപഞ്ചങ്ങളിലേക്കുള്ള
പാലം മുറിയുമ്പോള്‍
പറയാന്‍ ബാക്കിയായതെല്ലാം
ഞാന്‍ നിന്നോടു പറയുന്നു
മൌത്ത് പീസിലേക്കു വീണ കണ്ണീര്
ഒഴുകിയിറങ്ങിയത് നിന്നിലേക്ക്
മുഖമമര്‍ത്തി വിതുമ്പാന്‍
നിന്റെ തോളല്ലാതെ
എനിക്കു മറ്റെന്താണിവിടെയുള്ളത് ?
എന്റെ മൂക്കു പിഴിഞ്ഞ കൈകള്‍
പലപ്പോഴും നീയാണു
തുവര്‍ത്തിത്തന്നിട്ടുള്ളത്
പിഞ്ഞിയ വസ്ത്രങ്ങള്‍ക്കിടയിലുടെ
ശൈത്യം അംഗങ്ങളെ കശക്കുമ്പോഴും
വെയില്‍ച്ചൂളകളില്‍
ശരീരമുരുകിയൊലിക്കുമ്പോഴും
നിന്നടുത്തേക്കാണല്ലോ ഞാന്‍ വരാറുള്ളത്
കാര്‍ഡില്ലാത്ത
ഇരുപത്തൊമ്പതു ദിനങ്ങളിലും
റസീവര്‍ കൈയിലെടുത്ത്
അങ്ങേരോടും പിള്ളാരോടും
പറയാന്‍ പറ്റാത്തതെല്ലാം
നിന്റെ ഡയല്‍ടോണിനോടു പറയുമ്പോള്‍
രാത്രികള്‍ തോറും പിച്ചിച്ചീന്തപ്പെടുന്നതും
തൊണ്ട നനയാതെ തലകറങ്ങി വീഴുന്നതും
സമാനതകളില്ലാത്ത അദ്ധ്വാനമായി
ശകാരമായി
തൊഴിയായി
ഉച്ഛിഷ്ടമായി
രോഗങ്ങളായി
എന്റെ അസ്തിത്വം മാറുന്നതും നീ മാത്രം
അതെ നീ മാത്രം അറിയുന്നു
അമ്പതു ദിനാര്‍ മാസവരുമാനമുള്ള
ഒരു തേങ്ങലായി
ഞാന്‍ നിലനില്ക്കുന്നതിന്റെ രഹസ്യം
നിനക്കല്ലാതെ മറ്റാര്‍ക്കാണ്
ഈ ഭൂമിയില്‍ മനസ്സിലാവുക?
ലേബലുകള്‍:
expatriate,
housemaid,
new poem,
pravaasi,
telephone booth
2008 ജനുവരി 26, ശനിയാഴ്ച
പിശാച്

മുൻ വശത്ത് പാറാവുകാരുണ്ട്
ഒളിച്ചു വച്ച ക്യാമറകളുണ്ട്
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്
ഒരുറുമ്പുപോയിട്ട് ഒരണുവായിപ്പോലും
നുഴഞ്ഞു കടക്കുകയെന്നത് അചിന്തിതം.
പുറകുവശത്താകട്ടെ ഇതൊന്നുമില്ല
വാതിലുകളെല്ലാം മലർക്കെ തുറന്ന്
ചിലപ്പോഴെല്ലാം ഒരു ടോർച്ചടിയുടെ വെളിച്ചം
വന്നുപോകാറുണ്ടെങ്കിലും
ഏതു നേരവും കുറ്റാക്കുറ്റിരുട്ട്
ഈ വഴി മാത്രമാണ് എന്റെ സഞ്ചാരങ്ങളൊക്കെയും
ഒരിക്കലും ആർക്കും കണ്ടു പിടിക്കാനാവില്ല
അങ്ങിനെയാണ് ഞാൻ നിങ്ങളിലേക്കു കടന്നത്
ഉള്ളിലെത്തിപ്പെട്ടാൽ പിന്നെ രൂപം മാറാനും
മുന്നിലേക്കു നീങ്ങാനും
എനിക്ക് അസാമാന്യമായ വിരുതുണ്ട്
അങ്ങിനെയാണ് ഞാൻ അവനായി മാറിയത്
അവനാവശ്യമില്ലാതിരുന്ന ദേവാലയങ്ങൾ പണിയിപ്പിച്ച്
കലശങ്ങള്‍ ചെയ്യിച്ച്
നിങ്ങളെക്കൊണ്ടെന്നെ കുടിയിരുത്തിപ്പിച്ചത്
മാലയണിയിപ്പിച്ചത്
പുരോഹിതന്മാരെ സൃഷ്ടിച്ച് പൂജിപ്പിച്ചത്
എന്റെ ഇഷ്ടങ്ങളെല്ലാം അവന്റേതാണെന്ന്
നിങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചത്
സംശയങ്ങളിലൂടെ നിങ്ങളെന്നെ
തിരിച്ചറിഞ്ഞെങ്കിലോ എന്നു ഭയന്ന്
സംശയങ്ങൾക്കതീതരായി വിശ്വാസികളാകാൻ പഠിപ്പിച്ചത്
എന്നിട്ടും നിങ്ങളില്‍ വിശ്വാസം പോരാഞ്ഞ്
ബലിയായി മക്കളുടെ ശിരസ്സു ചോദിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിഞ്ഞില്ല
നിങ്ങളിൽ ആശകളും ദുരാഗ്രഹങ്ങളും നിറച്ചപ്പോഴും
അവ നിറവേറ്റാൻ കാണിക്കയിടീച്ചപ്പോഴും
തുലാഭാരങ്ങളിൽ സ്വർണ്ണം നിറപ്പിച്ചപ്പോഴും
കാത്തിരിക്കുന്ന സ്വർഗ്ഗ നരകങ്ങളുടെ കഥകളിൽ
നിങ്ങളെ തളച്ചിട്ടപ്പോഴും
വാളുകൾ തന്ന് പരസ്പരം പോരാടിപ്പിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിയുകയോ
അവനെ കണ്ടെത്തുകയോ ചെയ്തില്ല
ഇവിടെ ഞാനെത്ര സുരക്ഷിതൻ
മുൻ വശത്ത് പാറാവുകാരുണ്ട്
ഒളിച്ചു വച്ച ക്യാമറകളുണ്ട്
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്
ഞാനാണെന്നു കരുതി അവനെ നിങ്ങള്‍
നിങ്ങളിലേക്ക് കടത്തിവിടില്ല
പിൻ വശത്തെ ഇരുട്ടുള്ളിടത്തോളം
തുറന്നു കിടക്കുന്ന വാതിലിലൂടെ
അവനാകട്ടെ വരാനാവുകയുമില്ല
ഒരിക്കലും.
2007 ഡിസംബർ 23, ഞായറാഴ്ച
ദൈവങ്ങള്‍

എന്റെ ദൈവമാണ് ശരിയെന്ന് ഞാനും
നിന്റേതെന്ന് നീയും
ആ മൌഡ്യത്തിന്റെ വാത്മീകങ്ങളിലേക്ക് ഉള്‍വലിഞ്ഞ്
പരസ്പരം പോര് വിളിച്ച് നമ്മള് വേര് പിരിഞ്ഞു
ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴെല്ലാം
നമ്മളത് പ്രാര്‍ത്ഥനകള്‍ കൊണ്ടു മറച്ചു.
പിന്നെ നമ്മള് കണ്ടുമുട്ടിയത്
ഏതോ യുദ്ധക്കളത്തിലായിരുന്നു.
എന്റെ ദൈവത്തിന്റെ വാള് കൊണ്ട് ഞാന്‍ നിന്നെയും
നിന്റെ ദൈവത്തിന്റെ വാള് കൊണ്ട് നീ എന്നെയും
വെട്ടി വീഴ്ത്തി
നമ്മുടെ മൃതദേഹങ്ങളെ പൊതിഞ്ഞത്
ഏതു നിറമുള്ള തുണികളിലാണെന്ന്
ഞാനോ നീയോ അറിഞ്ഞില്ല
ശവമെടുപ്പിന് വായിച്ചത്
രാമായണമോ, ബൈബിളോ, ഖുറാനോ അതോ
സഖാക്കളുടെ നാവില്‍ വന്ന ലാല്‍ സലാമോ ?
ബലിക്കളത്തില്‍ വീണ നമ്മുടെ ചോര
ഒരു ചോദ്യ ചിന്ഹമായൊരുമിച്ചെണീറ്റതും
എവിടെ നാം തേടിയ ദൈവമെന്നാര്‍ത്തതും
ആരും അറിഞ്ഞീല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
