
നേരം ഇരുട്ടി
സ്കൂളില്‍ നിന്നും കുട്ടികളെയും
കൂട്ടി വരാറുള്ള അവരുടെ
അച്ഛന്റെ സ്കൂട്ടര്‍
ഇനിയും
മടങ്ങിയെത്തിയില്ലല്ലോ എന്ന്
വഴിയിലേക്ക് മിഴി വീശി
ഒരു തിരിനാളം
കൊച്ചു സ്കൂട്ടറിനെ
തുറിച്ചു നോക്കിക്കൊണ്ടാണ്
ട്രിപ്പറുകളും, ട്രക്കുകളും
ബസ്സുകളുമെല്ലാം
നെട്ടോട്ടം പായുന്നത്
നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്
മാറിപ്പോകുമ്പോഴെല്ലാം
“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”
എന്ന ഭാവമാണവറ്റകള്‍ക്ക്
പാവം സ്കൂട്ടര്‍,
എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയും
ആക്രോശങ്ങളേയും
ഉരസലുകളേയും
സഹിച്ച്
അടക്കിപ്പിടിച്ച
ശ്വാസം പോലെയാണ്
നിരത്തിലൂടെയുള്ള
അതിന്റെ ബ്ലേഡു യാത്ര
തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ
കൈകളില്‍
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്
അച്ഛന്റെ പുറകില്‍
അള്ളിപ്പിടിച്ചിരിക്കുന്ന
കുട്ടികള്‍ക്കൊരു പക്ഷേ
അവരെന്നും കളിക്കുന്ന
കമ്പ്യൂട്ടര്‍ ഗയിമുകള്‍ പോലെ
ഇതൊക്കെ ഒരു
ഹരമായിരിക്കാം
ഇത്തരം ഒരു പാട്
റേയ്‌സുകളും ചേയ്‌സുകളുമാണല്ലോ
ജീവിതം മുഴുവന്‍
അവരെ കാത്തിരിക്കുന്നത്
ഓരോ കൂട്ടിയിടിയില്‍ നിന്നും
‘അയ്യോ’ യെന്നു തെന്നി മാറി
കഷ്ടിച്ചു
രക്ഷപ്പെട്ടു രക്ഷപ്പെട്ട്
സ്കൂട്ടറിന്റെ നെഞ്ചിടിപ്പ്
മുറ്റത്തു വന്നു നില്ക്കുന്നതു വരെ
കാറ്റില്‍ പെട്ടതു പോലെ
ആടിയുലഞ്ഞു കൊണ്ടിരിക്കും
തിരിനാളം.
പോലീസിന്റെ കണ്ണു വെട്ടിച്ച്
ഉള്‍വഴിയിലേക്കു പാഞ്ഞൊരു ട്രിപ്പര്‍
പാവം സ്കൂട്ടറിനെ
ഇടിച്ചു വീഴ്ത്തിയെന്ന
വാര്‍ത്ത
വരാനിരിക്കുന്നൊരു ദിവസം
തിരിനാളത്തിനോട്
പറയാനിടയാക്കരുതേ
എന്നാണ്
ഇതിനെല്ലാം ദൃക്‌സാക്ഷിയായ
മൊബൈല്‍ ഫോണെപ്പോഴും
തൊണ്ടയിടറി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്.
(‘മ ഴ വി ല്ല് -ഇ-മാഗസിന്‍ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പേജ് 40-41)