
വാരാന്ത്യം -
ഒരു സിനിമയായിക്കൊള്ളട്ടേയെന്ന് ഞാന്‍
എനിക്കു മോഹന്‍ലാല്‍ പടം മതിയെന്നവള്‍
ഞാന്‍ ആഗ്രഹിച്ചത്
ഒരു മമ്മൂട്ടി ചിത്രമാണെന്നു പറയുമ്പോള്‍-
“എങ്കില്‍ നിങ്ങള്‍ പോ, ഞാനില്ല“ എന്നവള്‍
അവളെ ശുണ്ഠി പിടിപ്പിക്കാന്‍
ലാലിന്റെ മോശത്തരങ്ങളെപ്പറ്റി മാത്രം
പറഞ്ഞാല്‍ മതി എന്നതെന്റെ
പുതിയ തിരിച്ചറിവ്
പ്രാര്‍ത്ഥിക്കാനൊരുങ്ങവേ
“ഗുരുവായൂരപ്പനോ കള്ളന്‍
കുളിക്കടവിലെ പെണ്‍ചേല കട്ടവന്‍“
എന്നു പറയുമ്പോഴുണ്ടാകുന്നതു
പോലെ കോപം കരിംതിരി കത്തും മുഖം
“മമ്മൂട്ടിയെന്തോന്ന് -
പാടാനറിയാത്ത, ആടാനറിയാത്ത
കോമഡി കെട്ടി കോമാളിയായവന്‍”
എന്നവള്‍ കരിംതിരി

തിരികളാളി സിരകളില്‍ പുളഞ്ഞപ്പോള്‍
അവള്‍ സവാരി ഗിരിഗിരി
എടുത്തെറിഞ്ഞത്
വീരഗാഥകള്‍, പഴശ്ശിരാജകള്‍
ചട്ടമ്പിനാടുകള്‍
മായാബസാറുകള്‍
ചന്തുവിനെ തോല്‍പ്പിക്കാന്‍ നീയോ
ഞാന്‍ നശിപ്പിച്ചത്
അവള്‍ കാത്തു സൂക്ഷിക്കും
ചിത്രങ്ങള്‍, കിരീടങ്ങള്‍
താളവട്ടങ്ങള്‍, മാടമ്പികള്‍
പഴവങ്ങാടി തേങ്ങയടിപോലെ
അടിച്ചുടച്ചു ലാല്‍ ചിരിച്ചു നില്‍ക്കും
മസാലകള്‍, അച്ചാര്‍ കുപ്പികള്‍

വെറുതേ ഒരു സിനിമ കാണാമെന്ന്
ഇക്കാലത്തു മോഹിക്കുന്നത്
എത്ര മൌഡ്യമായിപ്പോയെന്ന്
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും
ചോറു വയ്ക്കാതെ
കറി വയ്ക്കാതെ
കുളിക്കാതെ
മുറി തൂക്കാതെ
ഒരു ചുംബനത്തിന്റെ
ചെറു ചൂടു പോലുമേല്‍ക്കാതെ
സ്വയം സ്ഖലിച്ചു തീര്‍ന്നു വാരാന്ത്യം
അടുത്ത വാരാന്ത്യത്തിനു മുന്നേ
കൊരിയറില്‍ വന്നത്
ഫാന്‍സ് അസോസിയേഷന്‍ അംഗത്വം
ലാല്‍ മമ്മൂട്ടി സിനിമകളുടെ
ഫ്രീ ടിക്കറ്റുകള്‍
അവള്‍ക്കു ലാലിന്റെ, എനിക്കു മമ്മൂട്ടിയുടെ
ഇനി എങ്ങിനെയായിരിക്കുമോ ആവോ
ഞങ്ങളുടെ വാരാന്ത്യ തിരക്കഥകള്‍