
അദൃശ്യമായൊരതിര്‍ത്തിയുണ്ടെന്ന്
ഭൂമിശാസ്ത്രത്തില്‍ നമ്മള്‍ പഠിച്ചതാണ്
നിന്റെ വശത്ത് നിന്നെയും
എന്റെ വശത്ത് എന്നെയും
നമുക്കൊരിക്കലും കാണാന്‍ കഴിയാത്ത
അതിര്‍ത്തികള്‍ കാക്കാന്‍
തോക്കുകള്‍ ചൂണ്ടി നിറുത്തിച്ചത്
ജീവിതമാകാം.
തോക്കുകള്‍ താഴെ വക്കുമ്പോള്‍
പരസ്പരം പുണര്‍ന്നതും
വിയര്‍പ്പുകളും നിശ്വാസങ്ങളും പങ്കു വച്ചതും
നമുക്കും മാത്രം മനസ്സിലാകുന്ന
കാര്യങ്ങളായിരുന്നു.
അതിര്‍ത്തികളൊന്നും തിരക്കാതെ
പകലുകളും രാത്രികളും
നമുക്കിടയിലൂടെ
പല വട്ടം കടന്നു പോയി
പറഞ്ഞു ഞാന്‍
അമ്മയുടെ വാതത്തെപ്പറ്റിയും
അഞ്ജു മോളുടെ പഠിപ്പിനെപ്പറ്റിയും
നീ
വാപ്പയുടെ ശ്വാസം മുട്ടലിനെപ്പറ്റിയും
അനിയത്തിയുടെ പ്രണയത്തെപ്പറ്റിയും
ആമിനയുടെ ഉദരത്തില്‍
പറ്റിപ്പിടിച്ചു വളരുന്ന തളിരിനെക്കുറിച്ചും
നമ്മള്‍ പോലുമറിയാതെ
എന്റെ നിഴല്‍ നിന്റേയും
നിന്റെ നിഴല്‍ എന്റേയും
പാദങ്ങളെ
പലപ്പോഴും സ്നേഹത്തോടെ തഴുകി.
ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും
ചൂടു മൂത്തൊരുച്ചയില്‍
നമ്മുടെ തോക്കുകളുയര്‍ത്തിയ വെടിയില്‍
തല തകര്‍ന്ന് മരിച്ചു വീണ പകലിനൊപ്പം
ചോര വാര്‍ത്ത് നമ്മളും തളര്‍ന്നു വീണു
ഒരിക്കലും ഉണരാതെ.